Tuesday 13 February 2024

അവൾ പെണ്ണ് ....!

 അവൾ പെണ്ണ് ....!


പൊട്ടിച്ചിതറിയ മാംസക്കഷ്ണങ്ങൾക്കിടയിൽ 

നിന്നും കൊള്ളാവുന്നതൊക്കെയും പെറുക്കിയെടു-

ത്തിരുളിന്റെ  മറ പറ്റി നിശ്വാസം പോലു-

മറിയാ വേഗത്തിലിരുട്ടിലേക്കലിഞ്ഞവൻ


മികച്ചതൊന്നു പണിയണം 

ആരും കൊതിക്കുന്നൊരെണ്ണം 

ഒരു ചൂടിലും ഉരുകിയൊലിക്കാത്ത 

ഒരു കാറ്റിലും പറന്നകലാത്ത 

നിലനിൽപ്പുള്ളോരെണ്ണം പണിയണം 


ടെക്നോളജിക്ക്‌ വിളക്ക്  വച്ച് 

AI ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് 

മെഷീനിലേറി

പണിയായുധമെടുത്തവൻ .


36 -24 -36 ൽ പിടിച്ചൊരു സ്കെൽട്ടനാകട്ടെ

വജ്രം കൊണ്ടു പണിതെടുത്തൊരെണ്ണം ,

ഒരിക്കലും തകരാത്തൊരെണ്ണം.

ഈടു നിൽക്കുന്ന കാലത്തോളം ശില്പിക്ക് പേര് നൽകുന്നൊരെണ്ണം 


ഒരു സ്പൂൺ മസ്തിഷ്‌കം , സെറിബ്രമൊരു പാതി

ചില നേർത്ത നാരുകൾ , സംവേദനം സുനിശ്ചിതം 

പൊട്ടി തകരാത്തൊരു നട്ടെല്ലും ,ചേർന്ന സുഷുമ്നയും

വാരിയെല്ല് കടമെടുക്കാതൊന്നു പുതിയത് നെയ്യണം


റിഫ്ലക്സ്‌ കൂടിയൊരു നാഡീവ്യൂഹം 

ലയബിലിറ്റി ചോരാത്തൊരു പേസ്മേക്കർ 

മുദ്രാ മോതിരമണിയാൻ നേർത്ത അണിവിരലുള്ളൊരു കരം 

ചിലമ്പണിയാനൊരു ചടുലമായ പാദം 

ഉടു ചേല പോയാലുമുടലു കാണാതിരിക്കാനൊരു ഇൻഫിനിറ്റി സ്റ്റോൺ 

ഭൂമി പിളർന്നു പോയാലും തിരികെ വരാനൊരു ടൈം മെഷീൻ 


അഡ്രിനാലിനും, ഈസ്ട്രജനും, പ്രൊജസ്ട്രോണും നാല് വീതം 

കോർട്ടിസോളും, തൈറോക്സിനും രണ്ടു വീതം

മിച്ചമുള്ളതൊക്കെയൊരു അനുപാതത്തിൽ ചേർക്കണം

വെളുക്കും മുന്നേയെനിക്കൊരു പാതി പിറക്കണം 

ഞാൻ കൊതിക്കും പോലൊരു പാതി 

കടം കൊള്ളാത്ത ഉടലും ഉയിരുമുള്ള എന്റെ മാത്രം സൃഷ്ടി.


കൂട്ടിയും  കിഴിച്ചും ഗുണിച്ചും ഹരിച്ചുമവൻ നെയ്തെടുത്തു.

അഴകുമറിവുമൊരുമിച്ചൊരു പെണ്ണുടൽ 

പ്രേമവും കാമവും കോർത്തൊരു മണ്ണുടൽ

ജലമായൊഴുകാനും കാറ്റായലയാനും

അഗ്നിയായ്മാറാനും നെഞ്ചുറപ്പൊത്തൊരു നേരവൾ.


വിയർത്തൊട്ടിയ മെയ്യോടെ അവളിലമരാൻ

കൊതിച്ചവന്റെ കഴുത്തിലൊരുറുമി ചുഴറ്റിയവൾ


അവൾ പെണ്ണ് ....!

സൃഷ്ടിയേയും സൃഷ്ടാവിനെയും സംഹരിക്കുന്ന പെണ്ണ് ...!

ഇരയാവാൻ കൊതിക്കാത്ത പെണ്ണ് 

ഇരപിടിക്കാൻ തുനിഞ്ഞ പെണ്ണ്…!


Wednesday 10 May 2023

2018 - Every one is a HERO

 2018 - Every one is a HERO

            

                അപ്രതീക്ഷിതമായി കാണേണ്ടി വന്ന ഒരു ചിത്രം ആണ് 2018 . ആഗ്രഹിച്ചു പോയി കണ്ടതോ, ട്രൈലെർ കണ്ടു പോയതോ , റിവ്യൂ വായിച്ചു പോയതോ ഒന്നുമല്ല. പക്ഷെ പോയില്ലായിരുന്നു എങ്കിൽ അതൊരു വലിയ നഷ്ടം ആയേനെ.

സിനിമയുടെ തുടക്കത്തിൽ തന്നെ ഹൃദയം നിറയ്ക്കുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട്. അന്ധനായ ഭാസി ചേട്ടന് ശബ്ദത്തിലൂടെ മനോഹരമായ ലോകം കാട്ടിക്കൊടുക്കുന്ന അനൂപും , അവന്റെ വാക്കുകളിലൂടെ കർണപുടങ്ങളിൽ തട്ടി മനസ്സിലേക്കെത്തുന്ന കാഴ്ചകളിലൂടെ ഭാസി ചേട്ടനിൽ വിരിയുന്ന പുഞ്ചിരിയും. കാഴ്ചകളൊപ്പുന്ന ക്യാമറയും പശ്ചാത്തല ശബ്ദവും കൊണ്ട് മനസ്സ് നിറയുന്ന ഒരു കാഴ്ച.

പട്ടാളം വിട്ടു പേടിച്ചോടിയ അനൂപെന്ന തനി നാട്ടിൻപുറത്തുകാരൻ ചെറുപ്പക്കാരൻ മകനായും,കൂട്ടുകാരനായും, കൂടപ്പിറപ്പായും, കാമുകനായുമൊക്കെ അനായാസം ചുവടു മാറ്റുന്ന കാഴ്ച്ച അതി മനോഹരം തന്നെയാണ്. ഓരോ മനുഷ്യനും നേടിയെടുക്കാനും നഷ്ടപ്പെടാനും ഒരുപാടുണ്ടാവും. പട്ടാളക്കാരന്റെ കുപ്പായം അഴിച്ചു വെച്ചു എങ്കിലും ആ അനുഭവങ്ങൾ കൊണ്ട് ദുരന്തമുഖത്തെ നിറസാന്നിധ്യമായി അവൻ മാറുന്ന കാഴ്ച കാണികളിൽ കണ്ണീർ നിറയ്ക്കുന്നുണ്ട്.

ശബ്ദം കൊണ്ട് മാത്രം ലോകത്തെ കണ്ട ഭാസി ചേട്ടന്റെ സൂക്ഷ്മമായ ചലനങ്ങൾ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ശ്വാസം അടക്കിപ്പിടിച്ചു ഇരുത്തുന്നുണ്ട് .

മരണം അപ്രതീക്ഷിതമായി മുന്നിലെത്തുമെന്ന തിരിച്ചറിവിനെ പോലും മറന്നു കൊണ്ട് കടലിന്റെ കാണാ കയങ്ങളിലേക്കു പോകുന്ന അരയന്റെ ജീവിതത്തെ വിന്‍സ്റ്റണും മത്തായിച്ചനും തുറ അരയന്മാരുമെല്ലാം ജീവിച്ചു കാണിക്കുന്നുണ്ട്.


സ്വപ്നങ്ങൾക്ക് പിറകെ ഓടാൻ സ്വന്തം അസ്തിത്വം തന്നെ മറക്കുകയും , ഒടുവിൽ തന്റെ കർമ്മ മണ്ഡലത്തിലേക്ക് തിരികെ വരുകയും ചെയ്തു കൊണ്ട് ജീവിതത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന നിക്സ്റ്റണ് എന്ന ചെറുപ്പക്കാരൻ ജീവിതത്തിലെ ഒരു പുത്തൻ പ്രതീക്ഷയാണ്

നാട്ടുകാരെ രക്ഷിക്കാനുള്ള തത്രപ്പാടിൽ വീട്ടുകാരെ മറക്കേണ്ടി വന്ന എത്രയോ പേരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഷാജി എന്ന കഥാപാത്രം.

പ്രളയം എന്ന വിഷയത്തെ സിനിമ ആക്കുമ്പോൾ നമ്മളൊക്കെ കണ്ടിട്ടുള്ള ഇംഗ്ലീഷ് സിനിമകളുടെ VFX എന്ന പ്രതീക്ഷയുടെ മുകളിൽ ഒരു വെള്ളപൊക്കത്തിന്റെ സെറ്റ് ഇട്ടു കൊണ്ട് ഇടറിയും തന്മയത്വത്തോടെ ഒട്ടും നാടകീയം അല്ലാതെ ഒരു ഡോക്യൂമെന്ററി ആയി പോകേണ്ട പല മോമെന്റുകളിൽ നിന്നും സിനിമയിലേക്കും ആസ്വാദനത്തിലേക്കും കാണികളെ കൊണ്ടെത്തിച്ച ജൂഡിന്റെ കഴിവിനെ നമിക്കാതെ വയ്യ.

തനി നാട്ടിൻപുറത്തിലെ വ്യത്യസ്തമായ ജീവിതങ്ങളെ ഒരു നൂലിൽ കോർത്തു മനോഹരമായി അവതരിപ്പിക്കാനും അതെ intensityode ഓരോ കാഴ്ചകളെയും കാണികളിലേക്കു എത്തിക്കാൻ സാധിച്ചു എന്നുമുള്ളതാണ് 2018 നെ ഇത്രയും ഹൃദ്യമാക്കുന്നത്. 

വലിയവർക്കൊപ്പം തന്നെ മഴയത്തും തണുപ്പിലും വിറച്ചു അഭിനയിച്ച കുഞ്ഞുങ്ങളും  തീരെ വയസ്സായ കഥാപാത്രം ചെയ്ത ആൾക്കാരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരു പക്ഷെ പ്രായഭേദമന്യേ എല്ലാവരെയും ഹീറോസ് ആക്കാൻ ജൂഡ് നോക്കിയത് കൊണ്ടാകും ഈ ചിത്രത്തിലെ ഓരോ നിമിഷങ്ങളും നമ്മുടെ ഹൃദയത്തിൽ തന്നെ വന്നു പതിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന സേതുപതിയുടെ കഥ ഒരിടത്തുമെത്താതെ പോയ പോലെ തോന്നി. അപർണ ബലമുരളിയുടെ കഥാപാത്രം ഏച്ചു കെട്ടിയ പോലെ മുഴച്ചിരുന്നു. ഒരു പത്ര പ്രവർത്തകയുടെ ചടുലതയോ , ഡയലോഗ്  പ്രേസേന്റ്റേഷനിൽ ക്വാളിറ്റിയോ ഒന്നും ഫീൽ ചെയ്തില്ല. ആ കഥാപാത്രത്തിന്റെ ഫിക്സിങ് പലപ്പോഴും അനുചിതമായി ഫീൽ ചെയ്തു. കോശിയും വിദേശികളും സിനിമയ്ക്ക് പാരലൽ ആയി ഓടിപ്പോയ കഥാപാത്രങ്ങൾ ആയി തോന്നി. രമേശേട്ടനും ഭാര്യയും ഇതിലൊന്നും പെടാതെ ഒരു സൈഡിൽ ഇരുന്ന പോലെ. രമേഷേട്ടനോപ്പം വണ്ടിയിൽ കയറിയ തമിഴനും അതെ. എല്ലാവരെയും കൊണ്ട് ഓരോ സ്ഥലത്തു പ്രതിഷ്ഠിച്ചു ഈ സിനിമ എടുക്കാൻ ജൂഡണ്ണൻ പെട്ടതിന്റെ ഒരു ശതമാനം പോലും effort ഇല്ലാതെ ഇവിടെ ഇരുന്നു ഇങ്ങനെ അഭിപ്രായം പറയാൻ കാശു കൊടുക്കേണ്ടാ എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.

വെള്ളം കയറിയ വീടിനുള്ളിൽ നിന്നും മനുഷ്യന്മാർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയുടെ തീവ്രത ഒട്ടും ചോരാതെ ദുരന്ത മുഖത്തിന്റെ നേർചിത്രം നമുക്ക് പകർന്നു തന്ന കാഴ്ചയാണ് വർഗീസിന്റെയും കുടുംബത്തിന്റെയും അതി ജീവനം. വർഗീസിന്റെ മകനായി അഭിനയിച്ച കുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ.

അതിനജീവനത്തിന്റെ വഴികളിൽ ഒരു വേദനയോടെ നമ്മുടെ ഹൃദയത്തിൽ നിറയുന്ന മുഖമാണ് അനൂപിന്റെയും മാത്തച്ചന്റെയും. മനുഷ്യൻ എത്രയൊക്കെ പണക്കാരൻ ആണെന്നും കഴിവുള്ളവൻ ആണെന്നും അഹങ്കരിച്ചാലും നിനച്ചിരിക്കാത്ത ഒരു ദുരന്തം മതി മനുഷ്യ മനസ്സുകൾക്കിടയിലെ മതിൽ ഇടിയാനും ഒന്ന് തോൾ ചേർക്കാനും എന്നുള്ള മഹത്തരമായ സന്ദേശം തന്നെയാണ് ഈ സിനിമ മുന്നോട്ടു വയ്ക്കുന്നത്.

പ്രളയ കാലത്തെ രാഷ്ട്രീയം കൂടുതൽ പറയാതെ ഡിസാസ്റ്റർ മാനേജ്‌മന്റ് നു കൂടുതൽ പ്രാധാന്യം കൊടുക്കാതെ മനുഷ്യത്ത്വത്തിന്റെയും  മാനവികതയുടെയും  ചേർത്തു പിടിക്കലിന്റെയും കഥയാണ്  2018  പറയുന്നത്. നമ്മുടെ തലമുറയിലെ നാനാ തുറകളിലുള്ള മനുഷ്യർ ഒരു ദുരന്തത്തിനെ എങ്ങിനെ നേരിട്ടുവെന്നും, എന്നും താഴെക്കിടയിൽ നമ്മൾ കാണുന്ന മീനിന്റെ മണമുള്ള മനുഷ്യന്റെ കരങ്ങൾ ദൈവത്തിന്റെ കരങ്ങളായതെങ്ങിനെ എന്നും ചരിത്രത്തിൽ എഴുത്തിച്ചേർക്കുന്ന 2018  വരും തലമുറകൾക്കു മാനവികതയുടെ ഒരു സ്മാരകമായിരിക്കും എന്ന് തന്നെ നിസ്സംശയം പറയാം. ചിത്രത്തിന്റെ ടാഗ് ലൈൻ പറയുന്ന പോലെ തന്നെ എല്ലാ കഥാപാത്രങ്ങളും ഇതിലെ ഹീറോ തന്നെയാണ്.

 

Worth watching

Thursday 10 November 2022

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്


 പ്രണയത്തിന്റെ കൊലപാതക കുറിപ്പ് 

----------------------------------------------------------------

Audio link -https://www.instagram.com/reel/CkYvnEOI4Dz/?igshid=MDJmNzVkMjY=

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും 

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.


ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി, 

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു, 

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു 

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.


ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു 

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും 

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ... 


Bismitha@njangandhialla

പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ


 പേടിക്കാൻ ഒന്നുമില്ല, മൃഗങ്ങളല്ലേ...മനുഷ്യരൊന്നുമല്ലല്ലോ

Audio link - https://www.instagram.com/reel/CiZP1MbpC4P/?igshid=MDJmNzVkMjY=

നിഷ്കളങ്കനും, ഗ്രാമീണനും,അല്പം കുറുമ്പ് നിറഞ്ഞവനുമായ ഒരു നാടൻ പയ്യനെ ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ടായിരുന്നത് വിനീത് ശ്രീനിവാസൻ ആയിരുന്നു, പക്ഷെ ആ മുഖത്തിനെ അപ്പാടെ മായ്ച്ചു കളഞ്ഞു പ്രസൂൺ എന്റെ ഹൃദയത്തിലേക്കു ചേക്കേറി. തനി നാടൻ ഭാഷയിലെ വാല കോലാ ചെക്കനായി മാത്രം ഞാൻ കണ്ടിരുന്ന ബേസിൽ എന്ന നടൻ എത്ര അനായാസമായാണ് പാൽതു ജാൻവറിലെ ആരുടെയും ഹൃദയം കവരുന്ന പ്രസൂനായി മാറിയത്. 

ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ കാണുന്നവന് പുച്ഛവും അനുഭവിക്കുന്നവന് പറഞ്ഞറിയിക്കാനാകാത്ത മാനസിക സംഘർഷവും തരുന്ന ഒന്നാണ്. അതിനെ കൃത്രിമത്വമൊന്നും കൂടാതെ അഭിനയിക്കാതെ ജീവിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് സാധിച്ചു. ആദ്യമേ പറയട്ടെ,ഇതൊരു അടിപൊളി സിനിമയോ, സൂപ്പർ ഹിറ്റ് കഥയോ ഒന്നുമല്ല, ജീവിതത്തിന്റെ ഒരു നേർചിത്രം പോലെ നമുക്ക് ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ജീവിത കഥ നേരിട്ട് കാണുന്ന പോലെ ഒരു അനുഭൂതി സമ്മാനിക്കുന്ന ഒന്ന്..അത് കൊണ്ട് തന്നെയാകും ഈ പാൽതു അത്രമേൽ പ്രിയപ്പെട്ടത് ആകുന്നതും.

പ്രോമോ സോങ് ഒക്കെ കണ്ടു പിള്ളേർക്ക് പറ്റിയ എന്റർടൈൻമെന്റ് പടമാകും നല്ല കളർഫുള്ളായിരിക്കും എന്നൊക്കെ വിചാരിച്ചു കാണാൻ പോയതാ, പക്ഷെ കണ്ടു തുടങ്ങിയത് പുഞ്ചിരിയോടെയും, പിന്നെ ഇടയ്ക്കൊക്കെ ഒന്ന് പൊട്ടിച്ചിരിച്ചും കൊണ്ടോടിയും  ഒടുവിൽ കണ്ണ് നിറച്ചു സംതൃപ്തിയും സന്തോഷവും ഒരുമിച്ചു സമ്മാനിക്കുകയും  ചെയ്ത മനോഹരമായ ഒരു ഗ്രാമീണചിത്രം തന്നെയാണ്  പാൽതു ജാൻവർ.

അപരിചിതമായ നാട്ടിൽ അപരിചിതരായ മനുഷ്യരുടെ ഇടയിൽ ഇഷ്ടമില്ലാത്ത ജോലിയും ചെയ്തു ജീവിക്കേണ്ടി വരുന്ന ഒരു യുവാവിന്റെ എല്ലാ വികാരങ്ങളും അതിന്റേതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പ്രസൂൺ എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വളർത്തു മൃഗങ്ങൾക്കു കൂടി സ്ഥാനം നൽകിക്കൊണ്ടുള്ള ഈ ചിത്രം ഒരു പക്ഷെ ബഷീർ പറഞ്ഞപോലെ "എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന"തത്വം തന്നെയാണ് പലപ്പോഴും നമ്മളോട് പറയുന്നത്. ജീവനെന്നാൽ മനുഷ്യന് മാത്രമല്ല എന്നും ഓരോ ജീവനും ഓരോ ജനനവും അത്രമേൽ മൂല്യമേറിയതാണെന്നും നമുക്ക് മനസ്സിലാക്കിത്തരാൻ ഉള്ള ഒരു ശ്രമം കൂടി ഈ ചിത്രത്തിലൂടെ വിജയം കണ്ടെത്തിയിരിക്കുന്നു എന്ന് വേണം പറയാൻ. 

ഡോക്ടർ ആയെത്തിയ ഷമ്മിതിലകനും , വാർഡ് മെമ്പർ ആയ ഇന്ദ്രൻസും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരപ്പിക്കുന്നുണ്ട്. ഇവർക്ക് പകരം മറ്റാരെക്കുറിച്ചും ഒരു നിമിഷം പോലും മാറി ചിന്തിപ്പിക്കാതെ വളരെ തന്മയത്വത്തോടെ അവരും കഥാപാത്രങ്ങളായി ജീവിച്ചു എന്ന് തന്നെ പറയാം.ഡേവിസ് ചേട്ടനും മോളികുട്ടിയും കൂട്ടിനു സ്റ്റെഫിയും ഇല്ലായിരുന്നു എങ്കിൽ പ്രസൂൺ വീണ്ടും ഒരിടത്തുമെത്താതെ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടുന്ന, ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടുന്ന ഒരുപാട് പേരിൽ ഒരാളായി മാറിപ്പോയേനെ. ജോണി ആന്റണിയുടെ കഥാപാത്രം തനി നാട്ടിൻപുറത്തുകാരനായ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യന്റേതു തന്നെ ആയിരുന്നു എന്ന് നിസ്സംശയം പറയാം. കർത്താവിനെക്കുറിച്ചു സ്തുതി പാടുന്നതിനേക്കാൾ കൂടുതൽ ദുരാത്മാക്കളെ കുറിച്ച് പറയുന്ന വികാരിയച്ചൻ അല്പം പുതുമയുള്ള പരീക്ഷണമായി തോന്നിച്ചു. നിശബ്ദത കൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്തുന്ന അറവുകാരനും, സ്വന്തം നിലനിൽപിന് വേണ്ടി പ്രസൂണിനെ ഒറ്റുന്ന ഡോക്ടറും, നിന്നെക്കൊണ്ടു പറ്റാത്ത പണിയെ കുറിച്ച് സ്വപ്നം കാണാതെ കിട്ടിയത് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കൂടപ്പിറപ്പിനെ ഉപദേശിക്കുന്ന ചേച്ചിയും, തനി നാടൻ കാലുവാരി അളിയനും ഒക്കെ ചേർന്ന് പല തരത്തിലുള്ള സ്വഭാവത്തിലുള്ള മനുഷ്യന്മാരെ ഒരേ കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഥ പറയിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

മരിച്ചു പോയ പോലീസ് ഡോഗിന്റെ കഥ ഇടവേളയിലൊതുക്കി എന്നല്ലാതെ എടുത്തു പറയത്തക്ക ദോഷങ്ങളൊന്നുമില്ലാത്ത ഈ ചിത്രം ഒന്ന് കണ്ടിരിക്കാം, മനുഷ്യനേക്കാൾ എന്തുകൊണ്ടും നല്ലതു മൃഗങ്ങൾ തന്നെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല,
നാട്ടിൻപുറത്തിന്റെ കഥപറയുന്ന ഗ്രാമീണ പശ്ചാത്തലമുള്ള എത്രയോ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും കാണാത്ത കുറെ ജീവിതങ്ങളെ നമുക്ക് പാൽതു ജാൻവറിൽ കാണാൻ സാധിക്കും. ഒരു വലിയ തിയേറ്റർ എക്സ്പീരിയൻസ് ഒന്നുമില്ല എങ്കിലും നിറക്കൂട്ടുകളും ആഡംബരങ്ങളും അഭിനയത്തിന്റെ ഏച്ചുകെട്ടലുകളും ഒന്നുമില്ലാത്ത ഒരു തനി നാടൻ വിരുന്നു തന്നെയാണ് പാൽതു ജാൻവർ എന്നതിൽ ലേശം പോലും സംശയമില്ല.

Bismitha@njangandhialla

Tuesday 9 August 2022

എനിക്ക് പ്രസവിക്കണ്ടാ ഡോക്ടറെ...

അമ്മയാകുക, കേൾക്കാൻ സുഖമാണ്.... , 

അനുഭവിക്കുക മാധുര്യം ഏറെയാണെങ്കിലും പ്രയാസമാണ് ....

ജീവിക്കൽ പോരാട്ടമാണ് ....

ആ പോരാട്ടത്തിന്റെ പടിവാതിൽ ഒരു നാൾ ഞാനും തുറന്നു .....

അമ്മയാകുക എന്നത്  അനുഭവത്തേക്കാളുപരി ഒരു അനുഭൂതിയാണ്. നമ്മുടെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങുമ്പോൾ മുതൽ നാം അനുഭവിക്കുന്ന ഒരു പ്രത്യേകതരം നിർവൃതിയും ആത്മസംതൃപ്തിയും ഒക്കെ വാക്കുകൾക്ക് അതീതമാണ്. കാത്തിരുന്ന കന്നി ഗർഭം ഒരു ആഘോഷമായി തന്നെ എന്നെ തേടി വന്നു എന്ന് പറയാം.വെറും ആഘോഷം അല്ല കേട്ടോ, കഴിക്കുക..., വാള് വയ്ക്കുക..., ക്ഷീണിച്ചു അവശയാകുക. വീണ്ടും കഴിക്കുക , വാള് വയ്ക്കുക. അങ്ങിനെ അങ്ങിനെ ഗർഭകാലം ആനന്ദപൂരിതമായിരുന്നു. പിന്നെ കന്നി ഗർഭം ആയതു കൊണ്ട് താങ്ങാൻ ആളുമുണ്ടായിരുന്നു, അതിന്റെ ക്ഷീണം കൂടുതലുമായിരുന്നു.  

വാളുവയ്ക്കൽ പതിയെ ഒരു ശീലമായി മാറി, പിന്നെ നാലാം മാസം ഒരു ദിവസം അർധരാത്രി വീട്ടിലെ വെളുത്ത ടൈൽ ഒക്കെ ചുമപ്പ് നിറമായി മാറി, അങ്ങിനെ മൂന്നു മാസം ബെഡ് റസ്റ്റ് ഒക്കെ എടുത്തു ഒരു വഴിയായതോടെ ഒൻപതും പത്തുമൊന്നും പോകണ്ട, എങ്ങനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി എന്നായി.

കുഞ്ഞിന്റെ അനക്കം കേൾക്കുമ്പോൾ തോന്നുന്ന സന്തോഷം ഒഴികെ ഗർഭകാലം ആസ്വദിക്കാനുള്ള സുഖമൊന്നും ആറാം മാസം മുതൽ ഉണ്ടായിട്ടില്ല. ഏതു ഹോസ്പിറ്റൽ തിരഞ്ഞെടുക്കണം എന്നുള്ള ചർച്ചകൾക്ക് ഒടുവിൽ സർക്കാർ ആശുപത്രിയും സാധാ പ്രസവവും മതിയെന്ന തീരുമാനത്തിലെത്തി. പിന്നീടങ്ങോട്ട് ഒരു ചെറിയ വലിയ പേടിയായിരുന്നു.

സർക്കാർ ആശുപത്രിയിലെ പ്രസവവാർഡ് മനോഹരമായ ഓർമ്മകൾ ഉറങ്ങുന്ന കൊച്ചു വീടാണ്. ഒരേ റൂമിൽ അടുത്തടുത്ത ബെഡുകളിൽ ഗർഭകാല ഓർമ്മകളൊക്കെ പങ്കു വച്ച് ഹോസ്റ്റൽ ജീവിതം പോലൊരു ഹോസ്പിറ്റൽ ജീവിതം. രാവിലെയും വൈകുന്നേരവുമുള്ള കൃത്യമായ നടത്തങ്ങൾ, തമാശകൾ, ആഹാരം പങ്കുവെക്കൽ പത്തു ദിവസത്തെ ഹോസ്പിറ്റൽ ജീവിതത്തിലെ മനോഹരമായ ഓർമകളായിരുന്നു അതെല്ലാം ....

പലരും പറഞ്ഞു പേടിപ്പിച്ചിരുന്നു, സർക്കാർ ആശുപത്രി അല്ലെ, വേദനയെടുത്തു കരയാൻ പാടില്ല, അവർ വഴക്കു പറയും, നേഴ്സ് നുള്ളു തരും എന്നൊക്കെ...ആദ്യത്തെ ഉള്ളു പരിശോധനയിൽ തന്നെ വേദനയടക്കി പിടിച്ചൊന്നു ഞരങ്ങി,കരയാൻ പേടിയായിരുന്നു. പക്ഷെ ഡോക്ടർ കൈയിൽ പിടിച്ചു കൊണ്ട് "ഇതൊന്നും ഒരു വേദനയെ അല്ല കേട്ടോ, ഇനി എത്ര പരിശോധനകൾ ഉള്ളതാ" എന്ന് പറഞ്ഞതും വേദനയൊക്കെ എവിടെയോ പോയപോലെ.

പ്രസവ ദിവസം വെളുപ്പിനെ കുളിച്ചു സുന്ദരിയായി ചട്ടയും മുണ്ടും ഉടുത്തു മുടിയൊക്കെ ഇരുവശത്തും പിന്നി കെട്ടി ഫയലും നെഞ്ചിൽ ചേർത്തു പ്രസവ മുറിയിലേക്കൊരു പോക്കാണ്. മണിക്കൂറുകൾ നീണ്ട വേദനയ്ക്കും , പോരാട്ടത്തിനുമൊടുവിൽ അങ്ങിനെ പ്രസവിക്കാനുള്ള നിമിഷം വന്നെത്തും.

പേരൊക്കെ സുഖപ്രസവം എന്നാണെങ്കിലും വേദനയൊക്കെ സഹിച്ചു ഒരു പരുവമാകും. അങ്ങനെ വേദനിച്ചു കിടന്ന നിമിഷങ്ങളിലൊന്നിൽ തൊട്ടടുത്ത ബെഡിലെ പെൺകുട്ടി പ്രസവത്തിലേക്കു കടന്നു, വേദന സഹിക്കാൻ വയ്യാതെ "എനിക്ക് ഇപ്പോൾ പ്രസവിക്കണ്ടാ ഡോക്ടറെ...." എന്നവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, അതിനു മറുപടിയായി  "എന്നാ പിന്നെ വേണ്ട, മോൾക്ക് പ്രസവിക്കണമെന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി,അല്ലെ സിസ്റ്ററെ " എന്ന് പറഞ്ഞു ചിരിക്കുന്ന ഡോക്ടറെ കണ്ടതും അവളുടെ കുഞ്ഞു പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. 

അടുത്തു ദേ എന്റെ ഊഴമെത്തി. "എന്താടെ , ഇയാൾക്കും പ്രസവിക്കേണ്ടേ ?"

"എനിക്ക് എങ്ങിനെയെങ്കിലും ഒന്ന് പ്രസവിച്ചാൽ മതി മാഡം, ഉച്ച മുതൽക്ക് വേദന തുടങ്ങിയതാ " എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി.

"എങ്ങിനെയെങ്കിലുമൊന്നും പറ്റില്ല കേട്ടോ, സമയമാകട്ടെ" ന്നു പറഞ്ഞു ഡോക്ടർ അങ്ങ് പോയി.

വേദനയെടുത്തു കണ്ണൊക്കെ നിറഞ്ഞു ഒന്ന് അടങ്ങി കിടക്കാൻ പറ്റാതെ വരുന്ന ആ ഭീകരമായ അവസ്ഥ... ഇനി ഒരിക്കലും പ്രസവിക്കേണ്ട എന്ന് നൂറു വട്ടം മനസ്സിൽ പറഞ്ഞു പോകുന്ന നിമിഷങ്ങൾ...വെളുപ്പാൻ കാലം മുതൽ ഇപ്പോൾ പ്രസവിക്കും എന്നും വിചാരിച്ചു ഉച്ച മുതൽ വേദനയും സഹിച്ചു രാത്രിയായപ്പോളുണ്ട് , ഉറക്കമൊക്കെ മതിയാക്കി ഒരു നിലവിളിയോടെ അവൾ ഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണ് തുറന്നു . അനുഭൂതിയൊന്നും അപ്പോൾ തോന്നിയില്ല...വേദനിച്ചു തളർന്നു ശരീരമൊക്കെ കുഴഞ്ഞു തയ്യൽ ഇടുന്നതിന്റെ വേദനയും കൂടി ആയപ്പോൾ കുഞ്ഞിന്റെ മുഖം കണ്ടു സന്തോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും അപ്പോൾ തോന്നിയില്ല.

പിന്നെ എന്റെ കഷ്ടകാലത്തിനു പാതിരാത്രി വീണ്ടും രക്തസ്രാവം ഉണ്ടാകുകയും, ഇട്ട തയ്യലൊക്കെ പൊളിച്ചു മാറ്റി, നല്ല നീളൻ തയ്യലൊക്കെ വാങ്ങി ഒരു യൂറിനറി ബാഗും തൂക്കി വെളുപ്പിന് മൂന്നു മണിക്ക് പ്രസവമെന്ന മഹാ കടമ്പയും കടന്നു മുറിയിലേക്കെത്തി. 

തീർന്നില്ല... അടുത്ത പണി പാല് കൊടുക്കൽ ആയിരുന്നു, ഓരോ തവണ പാല് കൊടുക്കാനും ബെഡിൽ നിന്നും എണീറ്റ് യൂറിനറി ബാഗും തൂക്കി പിടിച്ചു കസേരയിലേക്ക്...മുല ഞെട്ടിന്റെ വലിപ്പക്കുറവ് കാരണം കുഞ്ഞിന് പാല് കുടിക്കാൻ പറ്റാത്ത അവസ്ഥ, ഒടുവിൽ സിറിഞ്ച് കൊണ്ട് മുല ഞെട്ടിൽ നിന്നും പാല് വലിച്ചെടുത്തു കുഞ്ഞിന്റെ വായിലേക്ക് ഇറ്റിച്ചു കൊടുക്കേണ്ടി വന്നു, സിറിഞ്ച് ഇട്ടു വലിക്കുമ്പോളുള്ള വേദന , മുറിവിന്റെ വേദന, യൂറിനറി ബാഗിന്റെ ബുദ്ധിമുട്ട് എല്ലാം കൊണ്ടും പ്രസവം വെറുത്തു പോയി...

പിറ്റേ ദിവസം വൈകിട്ട് ചെക്കപ്പിന് വന്ന ഡോക്ടർ "എങ്ങിനെയുണ്ടെടെ ?" എന്ന് ചോദിച്ചപ്പോൾ "മതിയായി ഡോക്ടറെ...എനിക്കിനി പ്രസവിക്കണ്ട ..." എന്ന് അറിയാതെ പറഞ്ഞു പോയി. അപ്പോൾ ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു ," ഇപ്പറഞ്ഞ താൻ വീണ്ടും ഇങ്ങോട്ടു തന്നെ പ്രസവിക്കാൻ വരുംകേട്ടോ.." 

എന്തായാലും ആ പറച്ചിൽ ഫലിച്ചു , രണ്ടര വർഷം കഴിഞ്ഞു വീണ്ടും അങ്ങോട്ട് തന്നെ പോകേണ്ടി വന്നു.

ഏകദേശം നാല് ദിവസമെടുത്തു എന്റെ ശരീരം സാധാ ഗതിയിലേക്ക് വരാൻ,ഈ നാലു ദിവസവും മകളെ ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല എന്നതാണ് സത്യം, ഇതിനിടയിൽ തലതിരിഞ്ഞ ബന്ധു മിത്രാദികളുടെ സന്ദർശനവും കുഞ്ഞിനെ മാറി മാറിയുള്ള എടുക്കലുകളും കാരണം കുഞ്ഞിന് പനി പിടിച്ചു. കൈയിൽ ഇൻജെക്ഷൻ നീഡിലും കുത്തി വച്ചുള്ള  എന്തിനെന്നറിയാത്ത അവളുടെ കരച്ചിലുമൊക്കെ കാണുമ്പോൾ ബന്ധുക്കളെയൊക്കെ എടുത്തു ദൂരെ എറിയണമെന്നു തോന്നി...ആ ദുരിത കാലത്തിനിടയിൽ കുടുംബത്തിൽ താളപ്പിഴകളുണ്ടാകുന്ന തരത്തിൽ കുറച്ചു കാര്യങ്ങളും എന്റെ കുടുംബജീവിതത്തിലുണ്ടായി. അത് കൊണ്ടൊക്കെ തന്നെ ഓർത്തെടുക്കാൻ എനിക്കൊരിക്കലും ആഗ്രഹമില്ലാത്ത കാലമാണ് എന്റെ പ്രസവ കാലം.

പ്രസവ സുസ്രൂഷയും, പരിചരണവും, കൊണ്ട് ഒരു വല്ലാത്ത കാലം തന്നെയായിരുന്നു ആദ്യത്തെ മൂന്നു മാസം. പകല് മുഴുവൻ ഉറങ്ങിയിട്ട് രാത്രി കുടുംബക്കാരുടെയും നാട്ടുകാരുടെയും ഉറക്കം കളയുന്ന കരച്ചിൽ വീരത്തിയായിരുന്നു എന്റെ മകൾ. പാല് കുടിക്കാൻ വേണ്ട, എന്റെ മുല ചുരന്നു മാറിടമൊക്കെ നനഞ്ഞു ഒരു ദിവസം തന്നെ മൂന്നും നാലും വസ്ത്രം മാറേണ്ട അവസ്ഥയായി. ഒടുവിൽ പാൽ കളയുന്ന സമയം ഒരു കിണ്ണത്തിലേക്കു  സ്വയം പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കാറായിരുന്നു പതിവ്, സ്പൂണിൽ കോരി അവളുടെ വായിലേക്ക് ഒഴിച്ച് കൊടുക്കും. പിന്നീടങ്ങോട്ട് അവളുമായുണ്ടായ ആത്മബന്ധം , മാതൃത്വമെന്ന അനുഭൂതി, അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം, അവളുടെ ചിരി, കളി, കൊഞ്ചലുകൾ, പിണക്കങ്ങൾ ജീവിതത്തിനു അർത്ഥവും വീണ്ടും ജീവിക്കാനുള്ള ആവേശവും സ്വപ്‍നം കാണാനുള്ള കാരണവുമായി അവൾ മാറുകയായിരുന്നു.....

കൂട്ട് കുടുംബത്തിൽ ജീവിക്കുന്ന നമ്മളൊക്കെ പ്രസവം കഴിഞ്ഞാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് , സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മയാണ് .

കുഞ്ഞു കരഞ്ഞാൽ പാല് കൊടുക്കാത്തത് കൊണ്ട് , കുഞ്ഞു ശർദ്ധിച്ചാൽ ഏതു നേരവും പാല് കുത്തിയിറക്കുന്നതു കൊണ്ട്, കുഞ്ഞു അല്പം ഉണങ്ങിയിരുന്നാൽ നേരെ കുഞ്ഞിനെ നോക്കാത്തത് കൊണ്ട്. കുഞ്ഞിന് എന്ത് കൊടുക്കണം, കൊടുക്കണ്ട, ഏതു വസ്ത്രം ഇടണം, എങ്ങിനെ കുളിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ അഭിപ്രായവും പരാതിയും കേട്ട് ഇറങ്ങി ഓടാൻ തോന്നിയ ദിവസങ്ങളുണ്ട്.

അഞ്ചു മാസം കഴിഞ്ഞു കുഞ്ഞിനേയും ഭർത്താവിന്റെ വീട്ടിലാക്കി ജോലിക്കു പോകേണ്ടി വന്നപ്പോൾ മുതൽ നേരിട്ട അവഗണനയും കുത്തുവാക്കുകളുമൊന്നും ചെറുതല്ല. ഓഫീസിലെ തിരക്കിനിടയിൽ മകൾ എന്ത് ചെയുന്നു എന്നറിയാൻ ആകാംക്ഷയോടെ വിളിക്കുമ്പോൾ, "നീ ഇട്ടിട്ടു പോയതല്ലേ..അവിടുന്ന് ചോദിച്ചാൽ ഇവിടെ കൊച്ചു കരച്ചിൽ നിർത്തുമോ, നീ കുഞ്ഞിനെ തള്ളിയിട്ടു പോയിട്ട് ഇപ്പോൾ വിളിക്കുന്നത് എന്തിനാ,നിനക്ക് ജോലിയല്ലേ വലുത് ..."എന്നിങ്ങനെ എന്തൊക്കെയോ ഏതൊക്കെയോ... ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിയ നിമിഷങ്ങൾ..അമ്മയാകണ്ടായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ...

ഞാനൊരു നല്ല അമ്മയല്ലേ , എന്റെ കുഞ്ഞിനോട് ചെയുന്നത് തെറ്റാണോ എന്നൊക്കെ ഓർത്ത് സ്വയം വേദനിച്ചു കരഞ്ഞ നിമിഷങ്ങൾ...

ഇടവേളകളിൽ ഓഫീസിലെ ടോയ്‌ലെറ്റിൽ നിന്നും വേദനിക്കുന്ന മാറിൽ നിന്നും അതിലേറെ വേദനയോടെ പിഴിഞ്ഞ് കളഞ്ഞ മുലപ്പാലിന്റെ മണം....ഇന്നും അതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയാറുണ്ട്.

'അമ്മ എന്ന ജന്മത്തിന്റെ മഹത്വവും, സ്വന്തം അമ്മയുടെ സ്നേഹത്തിന്റെ വിലയും ഒക്കെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആരൊക്കെ 'അമ്മ ചമഞ്ഞാലും പെറ്റ വയറിന്റെയും മുല ചുരത്തിയ മാറിന്റെയും സ്നേഹത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ....

അനുഭൂതിക്കപ്പുറം അനുഭവങ്ങളുടെ നേരും, അനുഭവങ്ങൾക്കുമപ്പുറം അനുഭൂതിയുടെ ചൂരും കൊണ്ട് ആത്മസംതൃപ്തിയോടെ എന്റെ കുഞ്ഞു എന്ന് പറഞ്ഞു അവളെ മാറോടു ചേർക്കുമ്പോൾ ഞാൻ എന്നെ തന്നെ അകമഴിഞ്ഞ് സ്നേഹിക്കാറുണ്ട്...., എന്നോട് തന്നെ നന്ദി പറയാറുണ്ട് ...

സന്തുഷ്ടയാണ്...,ഒരു ചെറിയ പുഞ്ചിരി കൊണ്ട് , അമ്മേ എന്നുള്ള ഒരു വിളി കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളും എനിക്ക് സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് ജന്മം നൽകാൻ കഴിഞ്ഞതിൽ 

Bismitha@njangandhialla